E4ET പ്രോഗ്രാം: രക്ഷിതാക്കൾ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ
1. പരിപാടിയെക്കുറിച്ച്:
ഈ പാഠ്യ പദ്ധതി എന്തിനെക്കുറിച്ചാണ്?
മ്യൂണിക്കിലെ മാക്സ് പ്ലാങ്ക് സൊസൈറ്റിയിലെയും (Max Planck Society, Munich, Germany) ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് സർവകലാശാലയിലെയും (University of Innsbruck, Austria) ഗവേഷകരുമായി സഹകരിച്ച് നടത്തുന്ന ഒരു അന്താരാഷ്ട്ര, ഗവേഷണ പിന്തുണയുള്ള പ്രോഗ്രാമാണ് എഡ്യൂക്കേഷൻ ഫോർ ഇക്കോളജിക്കൽ ട്രാൻസ്ഫോർമേഷൻ (E4ET). കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കാനും, അവരുടെ ദൈനംദിന തീരുമാനങ്ങൾ ചെലുത്തുന്ന സ്വാധീനം ചിന്തിക്കാനും മനസ്സിലാക്കാനും , അർത്ഥവത്തായ നടപടികളെടുക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. സംവേദനാത്മക സെഷനുകളിലൂടെയും (interactive sessions) ഗെയിം അധിഷ്ഠിത പഠനത്തിലൂടെയും, വ്യക്തിഗതവും കൂട്ടായതുമായ തീരുമാനങ്ങൾ നമ്മുടെ ഭൂമിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കുകയും, മാറ്റമുണ്ടാക്കാനുള്ള ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു.
സെഷനുകളിൽ എന്റെ കുട്ടി എന്താണ് ചെയ്യുക?
കാലാവസ്ഥാ വ്യതിയാനം, സഹകരണം, പരിസ്ഥിതി-സൗഹാർദ തിരഞ്ഞെടുപ്പുകൾ എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സംവേദനാത്മക പ്രവർത്തനങ്ങൾ, ചർച്ചകൾ, ഗെയിമുകൾ, ആത്മപരിശോധനകൾ (self-reflection) എന്നിവയിൽ വിദ്യാർത്ഥികൾ പങ്കെടുക്കും. സെഷനുകൾ പ്രവർത്തനാധിഷ്ഠിതമാണ്. ഇവ വിശകലനാത്മകമായി ചിന്തിക്കാനും ചിന്തിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.
ആരായിരിക്കും സെഷനുകൾ നയിക്കുന്നത്?
സ്കൂളുമായി സഹകരിച്ചുകൊണ്ട്, E4ET പാഠ്യപദ്ധതിയിലും ക്ലാസ്റൂം സാഹചര്യങ്ങളിൽ വിദ്യാർത്ഥികളുമായി ഇടപഴകുന്നതിലും പ്രത്യേക ശിക്ഷണം ലഭിച്ച VentureVillage പരിശീലകരാണ് സെഷനുകൾ നയിക്കുന്നത്.
ഏതെല്ലാം ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുക്കുന്നത്, എത്ര സമയത്തേക്കാണ്?
6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഈ സെഷനുകളിൽ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് സെഷനുകൾ നടത്തുക; ഓരോ ബാച്ചിനും മൂന്ന് ദിവസങ്ങളിലായി സെഷനുകൾ ഉണ്ടായിരിക്കും.
സെഷനുകൾ ഏത് ഭാഷയിലായിരിക്കും നടത്തുക?
സെഷനുകൾ ഇംഗ്ലീഷിലും മലയാളത്തിലും നിർവ്വഹിക്കപ്പെടും.
ഇത് എന്റെ കുട്ടിയുടെ ഗ്രേഡുകളെ ബാധിക്കുമോ?
നിശ്ചിത കാലയളവിലാണ് സെഷനുകൾ നടക്കുന്നത്; ഇവ അക്കാദമിക് ഗ്രേഡുകളെ ബാധിക്കില്ല.
2. ഗവേഷണത്തെയും വിവരശേഖരണത്തെയും (Data Collection) കുറിച്ച്:
(വ്യക്തിപരമായ യാതൊരു വിവരങ്ങൾ ശേഖരിക്കുകയോ, അത് മറ്റേതെങ്കിലും മാർക്കറ്റിംഗ് / വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കുന്നതല്ല. ഞങ്ങൾ കർശനമായ നിയമങ്ങളും, ധാർമ്മികതയും (strict laws and ethics) പാലിക്കുന്നു).
വിവരശേഖരണത്തിന്റെ ലക്ഷ്യം എന്താണ്?
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള കുട്ടികളുടെ അറിവ്, മനോഭാവം, പെരുമാറ്റം എന്നിവ മനസ്സിലാക്കുന്നതിനായുള്ള ഗവേഷണ പഠനത്തിന് ഈ പരിപാടിയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കും.
പങ്കാളിത്തം സ്വമേധയാ ഉള്ളതാണോ?
അതെ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിൻമാരാവുന്നതാണ്. സമ്മതപത്രത്തിൽ ഒപ്പിട്ടതിനുശേഷം തുടർന്ന് പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങളെ അറിയിച്ചാൽ മതി; ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പഠനത്തിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സമ്മതപത്രത്തിൽ ഒപ്പിട്ടതിന് ശേഷം എനിക്ക് തീരുമാനം മാറ്റാൻ കഴിയുമോ?
അതെ. ഏത് കാരണത്താലും, വിശദീകരണം നൽകാതെ തന്നെ, പ്രോഗ്രാമിനിടയിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പിന്മാറാവുന്നതാണ്.
എന്റെ കുട്ടി ഈ പഠനത്തിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആരെയാണ് അറിയിക്കേണ്ടത്?
ദയവായി e4et@venturevillage.world എന്ന വിലാസത്തിൽ ഞങ്ങൾക്ക് മെയിൽ ചെയ്യുക.
ഗവേഷകർക്ക് ഏതൊക്കെ വ്യക്തിഗത വിവരങ്ങളാണ് ലഭിക്കുക?
അങ്ങേയറ്റം കുറഞ്ഞ വിവരങ്ങൾ മാത്രം. എല്ലാ സർവേ വിവരങ്ങളും ഒരു അജ്ഞാത കോഡ് ഉപയോഗിച്ചാണ് സൂക്ഷിക്കുന്നത്; അതിനാൽ, പേര്, ജനിച്ച വർഷം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഗവേഷകർക്ക് ഒരിക്കലും കാണാൻ കഴിയില്ല.
ഡാറ്റ അക്ഞാതവും സുരക്ഷിതവും ആണെങ്കിൽ, പിന്നെ എന്തിനാണ് എന്റെ കുട്ടിയുടെ പേര് ശേഖരിക്കുന്നത്?
ഹാജർനിലയും പങ്കാളിത്തവും കൈകാര്യം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് VentureVillage ഈ വിവരം ശേഖരിക്കുന്നത്. നിങ്ങളുടെ കുട്ടിയുടെ പേര് ഗവേഷകരുമായി ഒരിക്കലും പങ്കുവെക്കില്ല. ഇത് ഞങ്ങളുടെ ഡാറ്റാബേസിൽ സുരക്ഷിതമായി സൂക്ഷിക്കുകയും 5 വർഷത്തിന് ശേഷം നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ e4et@venturevillage.world എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക.
എൻ്റെ കുട്ടിയുടെ വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുക?
നിങ്ങളുടെ വിവരങ്ങൾ ഈ പഠനത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കൂ; അവ മൂന്നാം കക്ഷികളുമായി പങ്കുവെക്കുകയുമില്ല. ശാസ്ത്രീയ പ്രസിദ്ധീകരണ രംഗത്തെ സാധാരണ രീതികൾക്ക് അനുസൃതമായി, പഠനഫലങ്ങൾ പരിശോധിക്കുന്നതിനായി മറ്റ് ഗവേഷകർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണ്ണമായും അജ്ഞാതമാക്കിയ (anonymised) വിവരങ്ങൾ ലഭ്യമാക്കിയേക്കാം.
എന്റെ കുട്ടിയുടെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമോ?
ഇല്ല. ഈ വിവരങ്ങൾ ഒരിക്കലും മൂന്നാം കക്ഷികളുമായി പങ്കുവെക്കില്ല; തികച്ചും അക്കാദമിക് ആവശ്യങ്ങൾക്കായി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.
സെഷനുകൾക്കിടയിൽ ഫോട്ടോകളോ വീഡിയോകളോ എടുക്കാറുണ്ടോ, അവ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
അതെ, ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള രേഖപ്പെടുത്തലിനും റിപ്പോർട്ടിംഗിനുമായി ഫോട്ടോകളും വീഡിയോകളും എടുക്കാറുണ്ട്; കൂടാതെ അവ ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും പങ്കുവെക്കുകയും ചെയ്യും. ഇതിൽ നിന്ന് നിങ്ങളുടെ കുട്ടിയെ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, e4et@venturevillage.world എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക.
മാതാപിതാക്കൾ, രക്ഷിതാക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരുമായി സംസാരിക്കുന്നത് എത്രത്തോളം എളുപ്പമാണ് എന്നതിനെക്കുറിച്ച് അടിസ്ഥാന സർവേയിൽ (baseline survey) ഒരു ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുക?
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെക്കുമ്പോൾ നിങ്ങളുടെ കുട്ടിക്ക് എത്രത്തോളം ആശ്വാസം തോന്നുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഈ ചോദ്യം സഹായിക്കുന്നു. ശേഖരിക്കുന്ന മറ്റ് വിവരങ്ങളെപ്പോലെ തന്നെ, ഇതും ഈ പഠനത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്; മറ്റ് ആവശ്യങ്ങൾക്കൊന്നും ഇത് ഉപയോഗിക്കില്ല.
ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഞാൻ സമ്മതിച്ചില്ലെങ്കിൽ, എന്റെ കുട്ടിയുടെ വിവരങ്ങൾ നിങ്ങൾ ഉപയോഗിക്കുമോ?
ഇല്ല. രക്ഷിതാവിൽ നിന്നോ സംരക്ഷകനിൽ നിന്നോ അനുമതി ലഭിച്ചാൽ മാത്രമേ ഞങ്ങൾ കുട്ടിയുടെ വിവരങ്ങൾ ഗവേഷകരുമായി പങ്കിടുകയുള്ളൂ.
3. പങ്കാളിത്തവും പ്രതിഫലങ്ങളും:
പങ്കെടുക്കുന്നതിന് പ്രതിഫലം ലഭിക്കുമോ?
പങ്കെടുക്കുന്നതിന് ഫീസൊന്നും നൽകേണ്ടതില്ല. അതേസമയം, വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വൗച്ചറുകളും നേടാനുള്ള അവസരമുണ്ട്. എൻഡ്‌ലൈൻ സർവേ’യുമായി (endline survey) ബന്ധപ്പെട്ട സെഷനുകളിൽ ഒന്നിൽ, ചെറിയൊരു തുക എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്ന രണ്ട് ലഘു പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.. (ഉദാഹരണത്തിന്, തുകയിൽ എത്ര ഭാഗം സ്വന്തം ആവശ്യത്തിനായി മാറ്റിവയ്ക്കണം, എത്ര ഭാഗം മറ്റുള്ളവരുമായി പങ്കിടണം എന്നിങ്ങനെ). ഈ പ്രവർത്തനങ്ങളിൽ അവർ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും അവർക്ക് ലഭിക്കുന്ന പ്രതിഫലം നിശ്ചയിക്കപ്പെടുക. വിദ്യാർത്ഥികൾക്ക് 0 മുതൽ 700 രൂപ വരെ മൂല്യമുള്ള വൗച്ചറുകൾ (Amazon Vouchers) നേടാനാകും. പണമായല്ല, മറിച്ച് ആമസോൺ വൗച്ചറുകളായാണ് ഇത് നൽകുന്നത്.
എന്റെ കുട്ടിക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കുമോ?
അതെ. പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും അവരുടെ പങ്കാളിത്തത്തെയും ആത്മാർത്ഥതയെയും അംഗീകരിച്ചുകൊണ്ട് വ്യക്തിഗതമായ ഒരു ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.
4. ധനസഹായവും പഠനാനന്തര കാര്യങ്ങളും:
പഠനത്തിനുള്ള ധനസഹായം എവിടെ നിന്നാണ് ലഭിക്കുന്നത്?
മാക്സ് പ്ലാങ്ക് സൊസൈറ്റിയാണ് ഈ പഠനത്തിന് ധനസഹായം നൽകുന്നത്.
പഠനത്തിന്റെ ഫലങ്ങൾ ഞങ്ങൾക്ക് അറിയാൻ കഴിയുമോ?
തീർച്ചയായും, പഠനം പൂർത്തിയാകുമ്പോൾ കണ്ടെത്തലുകളുടെ സംഗ്രഹം അതിൽ പങ്കെടുത്ത സ്കൂളുകളുമായി പങ്കുവെക്കുന്നതാണ്. ഇതിന്റെ ഒരു പകർപ്പ് ലഭിക്കുന്നതിന്, നിങ്ങൾക്ക് സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്.
മറ്റ് ചോദ്യങ്ങളുണ്ടെങ്കിൽ ആരെയാണ് ബന്ധപ്പെടേണ്ടത്?
കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ e4et@venturevillage.world എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതാവുന്നതാണ്. നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.